ഐതിഹ്യം
പ്രസിദ്ധമായ ശ്രീ ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിന്ന് തെക്കുഭാഗത്തായി 8 കിലോമീറ്ററിനു അടുത്ത് പാവറട്ടി പഞ്ചായത്തിലെ വെന്മേനാട് ദേശത്താണ് ദേവീ ചൈതന്യം നിറഞ്ഞ ശ്രീ തത്തകുളങ്ങര ഭഗവതി ക്ഷേത്രം.
അഭീഷ്ഠ വരദായിനിയും ക്ഷിപ്രപ്രസാദിനിയും, ക്ഷിപ്രകോപിയും, സർവ്വോപരി ആശ്രിതവത്സലയുമായ ഭദ്രകാളി ഭഗവതി കുടിക്കൊള്ളുന്ന ക്ഷേത്രമാണ് ശ്രീ തത്തകുളങ്ങര ഭഗവതി ക്ഷേത്രം. ഭക്തരെ ബാധിക്കുന്ന സർവ്വ ബാധകൾക്കും സർവ്വദുഷ്ട ഭയങ്കരിയും പരിഹാരിയുമാണ്. ദേവീ ചൈതന്യത്തിന്റെ മഹത്വമറിഞ്ഞ് മറ്റു ജില്ലകളിൽ നിന്ന് പോലും നിരവധി ഭക്തർ ഈ ക്ഷേത്രത്തിൽ ദർശനത്തിനായി എത്തിച്ചേരുന്നു. ദേവിയുടെ അനുഗ്രഹാശ്ശിസ്സുകൾ അനുഭവിച്ച മറ്റുമതസ്ഥർ നിരവധിയാണ്. ചൊവ്വ, വെള്ളി ദിവസങ്ങളാണ് ദേവിക്ക് പ്രധാനം.
ശ്രീ തത്തകുളങ്ങര ഭഗവതി ക്ഷേത്രത്തിന് 800 വർഷത്തെ പഴക്കം പൂർവ്വികർ കണക്കാക്കുന്നു. കേരളത്തിൻ്റെ വടക്കുഭാഗത്തു നിന്ന് വന്ന ഊരാള കുടുംബക്കാരിൽ അതിവിദഗ്‌ധനായ ഒരു കാരണവർ ദേവിയെ സേവിച്ച് അനുഗ്രഹം വാങ്ങുകയും കുടുംബരക്ഷയ്ക്കും യുദ്ധ വിജയത്തിനും ആയി ദേവിയെ പ്രതിഷ്ഠിക്കുകയും ചെയ്തു. തുടർന്ന് കൗളാചാര്യ പ്രാകാരം ആരാധന നടത്തി പോരുകയും ചെയ്തു. ധർമ്മലോപത്താലും മറ്റും കുടുംബം നശിക്കാൻ ഇടവരുകയും ചെയ്തു. ഇക്കാലത്ത് സാമൂതിരിയുടെ പ്രധാന സേവകനായ ഇന്നത്തെ ഊരാളകുടുംബക്കാർ ക്ഷേത്രവും ക്ഷേത്ര സ്വത്തുക്കളും കൈവശപ്പെടുത്തുകയും ക്ഷേത്രം പുതുക്കിപ്പണിത് ആരാധനാ ഭദ്രകാളി വിധാനത്തിലേക്ക് മാറ്റുകയും ചെയ്തു. ഈ കാലഘട്ടത്തിൽ ക്ഷേത്രത്തിനും ക്ഷേത്ര വസ്തുക്കൾക്കും നേരെ ആക്രമണം ഉണ്ടായി. ക്ഷേത്രത്തിന്റെ ഒരുപാട് സ്ഥലങ്ങൾ അന്യാധീനമായി പോയീട്ടുണ്ട്. കുറച്ച് കാലങ്ങൾക്കു മുൻപ് ഇന്നത്തെ ഊരാള കുടുംബക്കാർ ശിഥിലമാവുകയും പല ദിക്കുകളിലേക്ക് മാറി താമസിക്കുകയും ചെയ്തപ്പോൾ ക്ഷേത്രത്തിലെ നിത്യപൂജ കർമ്മങ്ങൾക്ക് ലോപം സംഭവിച്ചു. പിന്നീട് ദേശവാസികളുടെ ശ്രമഫലമായി ക്ഷേത്ര ആരാധന തുടങ്ങുകയും ക്ഷേത്രം സംരക്ഷിക്കുകയും ചെയ്തു